p.r.ratheesh

ഒരു തണൽ വിരിച്ച സായാഹ്നം. കേരള സാഹിത്യ അക്കാദമിയുടെ പൂമുഖം അലങ്കരിച്ച തണൽ മരങ്ങൾക്കു  കീഴെ, സ്വപ്നം കണ്ടിരിക്കുന്നവരുടെ അരികിലേക്ക്, ഒരാൾ നടന്നു വരുന്നു. നാട ൻ കൈത്തറി മുണ്ടുടുത്ത്, തോളിൽ തൂങ്ങിയാടുന്ന തുണി സഞ്ചിയുമായി ഒരു ചെറുപ്പക്കാരൻ. നീട്ടിപ്പിടിച്ച കൈയിൽ രണ്ടു പുസ്തകങ്ങൾ.  അയാൾ ഇത്തരു ണം പറഞ്ഞു: ഞാൻ പി. ആർ. രതീഷ്‌,ഞാനെഴുതിയ രണ്ടു പുസ്തകങ്ങൾ.

 ചെറുപ്പക്കാരനായ കവിയുടെ മെല്ലിച്ച കൈകളിൽ ചൂടാറാത്ത കവിതാ പുസ്തകം. അപരിചിതന്റെ അമ്പരപ്പിനെ കവി ഒരു സൌഹൃദ ചിരിയിൽ ഇല്ലാതാക്കി.
സംസാരിച്ചിരിക്കുമ്പോൾ കവി തന്റെ കടുത്ത റിബൽ നിലപാടുകൾ വ്യക്തമാക്കുന്നു. ക്ലീഷേയായ പലതിനെയും കവി തള്ളിപ്പറയുന്നു.
 ഒരു പുതുതലമുറ  കവി, കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റങ്ങളിലൂടെ  തന്റെ കവിതയെ വായനക്കാരിലേക്ക് നേരിട്ട് സംവദിപ്പിക്കുകയാണ്.
>നടന്നു വില്ക്കുന്ന കവി..
 കവി പുസ്തകം നടന്നു വിലക്കുകയാണ്. ദന്ത ഗോപുരത്തിലിരുന്നു കാവ്യ ചിന്ഹങ്ങളെ റിയുന്ന നവധനിക കവികൾക്ക് മുന്നിൽ ഒരു റിബലായി പി.ആർ .രതീഷ്‌ നില്ക്കുന്നു.  കനൽ പെയ്യുന്ന മേഘങ്ങൾ ,നദികളുടെ വീട്, നട്ടുച്ചയുടെ വിലാസം എന്നിവ ആയിരക്കണക്കിന് പ്രതികളുടെ വില്പ്പനയിലൂടെ കവിതക്കു  ഒരു വലിയ വായന സമൂഹമുണ്ടെന്നു ഞെട്ടലോടെ  ഓര്മ്മിപ്പിക്കുന്നു. ആലപ്പുഴയിൽ നിന്ന് കാറ് വിളിച്ചു വന്നവരും, ഗൾഫ് നാടുകളിലും ,യുറോപ്പിലും നിന്ന് പുസ്തകങ്ങൾ തിരക്കുന്നവർക്കുമിടയിൽ കവി ലാളിത്യത്തോടെ ഇരിക്കുന്നു. കവിയിലെ ഈ വിസിറ്റ്ങ് കാർഡാണ് ഞങ്ങളെ കൊണ്ട് വായിപ്പിച്ചതെന്ന തുറന്നു പറച്ചിലിന് ആസ്വാദകർ ഒരുക്കവുമാണ് .
>അവധൂതൻ, എഴുപതുകളിലെ ഹിപ്പി
കണ്ണൂരിലെ വേരുകളിൽ നിന്ന് തൃശൂരിലെ അഥവാ മലബാറിന്റെ തിരക്കുകളിലൂടെയാണ്  കവിയുടെ സഞ്ചാരം. കമ്മിറ്റുമെന്റ് ഭാരങ്ങളില്ലാതെ ഒരു കാവ്യ യാത്ര. ഇടയ്ക്ക് ആനുകാലികങ്ങളിൽ പ്രസ്ധീകരിക്കുന്ന രചനകൾ. പുസ്തകങ്ങൾ. വായനക്കാർ. ലോഡ്ജ്  മുറികളിലെ ഇടുങ്ങിയ ജീവിതം. ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം വെടിവട്ടം പറഞ്ഞിരിക്കും , അല്ലെങ്കിൽ യാതകൾ . പി. ആർ .രതീഷിന്റെ കാവ്യാ വഴികളിലൂടെ നടക്കുമ്പോൾ ആ അന്തരീക്ഷം , അയ്യപ്പനെ മണക്കും,കുരീപ്പുഴയെ മണക്കും, ചുള്ളിക്കാടിനെ ഓര്ക്കും, ചിലപ്പോഴൊക്കെ സുരാസു വിനെയും.അരാജകത്വത്തിന്റെ കറുപ്പി ലല്ല പ്രതീക്ഷയുടെ വെളുപ്പിലാണ് രതീഷിന്റെ സ്വപ്ങ്ങൾ.
>ക്ലിക്കുകളില്ലാതെയും കവി 
കവിതയുടെ ക്ലിക്കുകളിൽപ്പെടാതെ ഒഴിഞ്ഞു നടന്നു.അപ്പോഴും നല്ല കവിതകൾക്ക് വേണ്ടിയൊരു കാത്തിരിപ്പ്‌. വിജയിക്കുന്നവരെ സ്തുതി പാടി സ്വീകരിക്കുന്നത്തിനു പകരം തോറ്റ വർ ക്കൊപ്പം നില്ക്കുകയും കരുത്തേകുകയും ചെയ്യുന്നതായിരി ക്കണം  കവിതയുടെ ധർമ മെന്നു, നട്ടുച്ചയുടെ വിലാസത്തിലെ അവതാരികയിൽ പവിത്രൻ തീക്കുനി.
>വേദനകൾ, പിന്നെ ജീവിത സമരവും
ഒടുങ്ങാത്ത വേദനകളുടെയും അവസാനിക്കാത്ത ജീവിത സമരത്തിന്റെയും അഗ്നിനാളങ്ങളിലൂടെ കടന്ന വരുന്ന കവിതകൾ.ജീവിതത്തോടുള്ള ആസക്തി കവിതകളിലെമ്പാടുമുണ്ട്.അത് തന്നെയാകണം, കവിതകളെ ഒരു വലിയ കാൻവാസിലേക്ക് പറിച്ചു നടുന്നത്. കവിതയെ പുനർവായിക്കുമ്പോൾ പുതിയ അർഥങ്ങളുണ്ടാകുന്നത്, നല്ല ചില സൂചനകൾ തരുന്നു.
നദികളുടെ വീടിന്റെ പിന്നാമ്പുറത്ത്, ഇങ്ങനെ കുറിച്ചിരിക്കുന്നു: ആശാൻ വരച്ചിടത്ത്നിന്നും രതീഷ്‌ തുടങ്ങുന്നു. പ്രണയ മഴയെ കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതും ഒപ്പം ചേർത്ത് വായിക്കുമ്പോൾ, ഒരു പ്രതിഭയുടെ നാളത്തെ നിഴലാട്ടങ്ങൾ ഇപ്പോഴേ അറിയാനാകും;”വായിക്കുമ്പോൾ രണ്ടു വരിയും വായിച്ചുകൊണ്ടിരിക്കുമ്പോൾ ഇരുന്നൂറു വരിയും വായിച്ചു കഴിഞ്ഞപ്പോൾ രണ്ടായിരം വരിയുമായി പ്രണയ മഴ എനിക്കനുഭവപ്പെട്ടു “വെന്ന് .
pr.ratheesh 1

പി. ആർ.രതീഷുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.
>കവിത
ജീവിതത്തിലെ നിരാശ കളിൽ നിന്നുള്ള രക്ഷ തേടലാണ് കവിത.
>തൊഴിൽ
പത്രത്തിൽ ജോലിയുണ്ടായിരുന്നുവെങ്കിലും അതുമായി സമരസപ്പെടാനായില്ല.മറ്റു പണിയറിയില്ല .അതു കൊണ്ട് എഴുതുന്നു.അത് വിൽക്കുന്നു. നാല് വർഷങ്ങളായി പുസ്തകം വിലക്കുന്നു. ഇതുവരെ  മൂന്നു  ലക്ഷത്തോളം പേർ എന്റെ കൃതികൾ വായിച്ചിട്ടുണ്ട്. പുസ്തകം വില കൊടുത്തു വാങ്ങുന്ന സംസകാരത്തിലേക്ക് മലയാളികളെ മാറ്റണമെന്നാണ് ആഗ്രഹം. മറ്റു കവികളുടെ പുസ്തകം അധികം വില്കാപ്പെടാതിരിക്കുന്നു. കവി നേരിട്ട് കൃതി വിൽക്കുമ്പോൾ, ആളുകൾ അറിയുന്നു. കവിത ആളുകളിലേക്ക്‌ എത്തിച്ചേരുന്നു.
>കൃതികൾ
ഓരോ കൃതിയും പതിനായിരം കോപ്പി വരെ വിറ്റിട്ടുണ്ട്.ഒരു ഇംഗ്ലീഷ് കവിത സമാഹരം ഫെബ്രുവരിയിൽ പുറത്തിറങ്ങും.
>കവികൾ -എന്റെ കാഴ്ച
ഇപ്പോൾ കവിത , നാലക്ഷരമെഴുതുന്നവർ അഹങ്കാരികളാവുകയാണ്. .കാഴ്ച പ്പടുകളൊന്നും എഴുത്തിലില്ല.കവികളെല്ലാം എൽ.ഐ .സി എടുക്കുകയും ജീവിതം സുരക്ഷമാക്കുകയും ചെയ്തിരിക്കുന്നു.
>ആനുകാലികം
2005 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു.മാതൃഭുമി,ദേശാഭിമാനി ,ഭാഷാപോഷിണി, മാധ്യമം അങ്ങനെ കവിത പ്രസ്ധീകരിച്ച ആനുകാലികങ്ങൾ.
>സമരം
ഇതു സമരമാണ്. മുഖ്യധാരാ കവികളോടുള്ള സമരമാണ്. എന്റെ കൃതി മൂവായിരം കോപ്പി വില്ക്കുന്നുണ്ട്. അവർ എഴുതട്ടെ. അവരും എത്രയും വില്ക്കട്ടെ . എന്റെ കവിതയിൽ എനിക്ക് വിശ്വാസമുണ്ട്‌.
>പുതിയ കവിത
തയ്യാറെടുപ്പില്ലാതെ എഴുതുന്നതാണ് കവിത. ഞാൻ ഒരു വിഷയ കവിയല്ല. ഉള്ളിൽ നിന്ന് വരുന്നത് കൊണ്ട് എഴ്ഴുതുന്നു.
>രാഷ്ട്രീയം
നന്മകളെ കൂട്ടായ്മയായി കാണുന്നു. വേദനിക്കുന്ന മനുഷ്യന്റെ രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം.
>അവാർഡ്‌
ഞാൻ ഒരു അവാർഡും സ്വീകരിക്കില്ല. എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമാകാനില്ല. എന്റെ കൃതി വാങ്ങി വായിക്കുന്ന ജനങ്ങളാണ് അവാർഡ്‌. ഏതു കവിയരങ്ങിനു പോയാലും പുസ്തകം വില്ക്കും
>കുടുംബം
അത് പോട്ടെ, നമുക്ക് വേറെ വല്ലതും സംസാരിക്കാം. എനിക്ക് അങ്ങനെയൊരു മേൽവിലാസത്തിൽ അറിയപ്പെടാനാഗ്രഹമില്ല . വിവാഹം, ഇപ്പോൾ ആലോച്ചനയിലില്ല. വേഗം വേഗം ദേഷ്യപ്പെടുകയും,സങ്കടപ്പെടുകയും ചെയ്യുന്ന വല്ലാത്ത പ്രകൃതമാണ് .അങ്ങനെ ഒരാളെ ആർക്കാണ് ഇഷ്ടപ്പെടാനാവുക.  .
വിലാസം: പി.ആർ .രതീഷ് , മുയിപ്പോത്ത്,വടകര, കോഴിക്കോട്-673524 മൊബൈൽ :9447923801

.ആദർശ് അഞ്ചൽ.