ബോര്‍ഹസിനെ വായിക്കാത്തവര്‍ക്കായി

പുസ്തക വായന

നെരുദയും, മാര്‍ക്വേസും, ഫ്യുയന്തസും, വര്‍യ്യോസ് യോസയും, ഒക്കെ അരങ്ങ് വാണ കാലത്ത് അവരോളം അല്ലെങ്കില്‍ അവരേക്കാളും മികച്ചു നിന്നയാളായിരുന്നു അര്‍ജന്റീനിയന്‍ എഴുത്തുകാരനായ ഹോര്‍ഹെ ലൂയി ബോര്‍ഹെസ് (Jorge Luis Borges).
ബോര്‍ഹെസിനെ പറ്റി കെ.പി അപ്പനും, പി.കെ രാജശേഖരനും ഒക്കെ എഴുതിയത് വായിച്ചപ്പോഴെല്ലാം തോന്നിയിട്ടുണ്ട് ബോര്‍ഹെസിന്റെ ഒരു പുസ്തകം കിട്ടിയിരുന്നെങ്കില്‍ എന്ന്. പലയിടത്തും അന്വേഷിച്ചെങ്കിലും കയ്യിലൊതുങ്ങുന്ന വിലയില്‍ കിട്ടാതെ പോയി. ഈയിടെയാണു ഒരു യൂസ്ഡ് ബുക്ക് ഷോപ്പില്‍ നിന്നും ബോര്‍ഹസിന്റെ കഥാസമാഹാരം വാങ്ങാനൊത്തത്. കാത്തിരുന്നതു വെറുതെയായില്ല. ബോര്‍ഹസിന്റെ കഥാലോകം അത്രകണ്ട് സുന്ദരമാണ്.

book borges

ഉദാഹരണത്തിനു The Circular Ruin എന്ന കഥ എടുക്കാം. സ്വപ്നം എന്നതിനെ ബോര്‍ഹെസ് ഒരു ഉപകരണമായി നിര്‍വചിക്കുന്നു. സ്വപ്നം കൊണ്ട് അല്ലെങ്കില്‍ സ്വപ്നത്തില്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഒരാളുടെ കഥയാണിത്. അതിനായി അയാള്‍ Circular Ruin എന്ന് വിളിക്കപ്പെടുന്ന ഒരു മാന്ത്രിക താഴ്‌വരയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കുന്നു. അയാള്‍ ഒരു മനുഷ്യനെ ഉണ്ടാക്കുമെങ്കിലും അതിനു ജീവന്‍ കൊടുക്കാന്‍ സാധിക്കാതെ പരാജിതനാകുന്നു. തുടര്‍ന്ന് നിരാശനും തോല്പ്പിക്കപ്പെട്ടവനുമായി ജീവിക്കാന്‍ തുടങ്ങിയ അയാള്‍ക്ക് യാദര്‍ശ്ചികമായി സ്വപ്നത്തില്‍ ഒരു ഹൃദയം ലഭിക്കുന്നു. ആ ഹൃദയം ഉപയോഗിച്ച് അയാള്‍ വീണ്ടും ഒരു മനുഷ്യനെ സൃഷ്ടിക്കുന്നു. ഉണ്ടാക്കിയ മനുഷ്യനു ജീവന്‍ കൊടുക്കാനായി അയാള്‍ തന്റെ ജീവന്‍ വിട്ടുകൊടുക്കാന്‍ തയ്യാറകുന്നു. അതിനായി തീയിലേക്ക് നടന്നു കയറിയെങ്കിലും തീ കൊണ്ട് അയാളുടെ ചര്‍മ്മത്തിനൊന്നും സംഭവിക്കുന്നില്ല. അതിന്റെ കാരണം താനും മറ്റാരുടെയോ സ്വപ്നത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു ബിംബമാണെന്ന് അയാള്‍ മനസ്സിലാക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

ഏതാണ്ടിതു പോലെയാണു ബോര്‍ഹെസിന്റെ ഞാന്‍ വായിച്ചത്ര കഥകളും (5-6 എണ്ണമേ ഇതു വരെ വായിച്ചെത്തിയുള്ളു എന്നിരുന്നാലും). കഥയ്ക്ക് പല മാനങ്ങള്‍ കൈവരുന്നു. വാക്കുകള്‍ വെറുതേ വായിച്ചാല്‍ തന്നെ സസ്പന്‍സ് സ്വഭാവമുള്ള ഒരു കഥയായി തോന്നും. എന്നാല്‍ ഓരോ ചെറിയ സംഭവങ്ങളിലും ബോര്‍ഹസ് ഒളിപ്പിച്ചു വച്ചിട്ടുള്ള താത്വികവും നൈതികവുമായ തലങ്ങളുണ്ട്.

വാല്‍ക്കഷണം: വിഖ്യാത ഹോളിവുഡ് സം‌വിധായകന്‍ Christopher Nolan പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണ് തന്റെ മിക്ക സിനിമകളുടെയും ആശയം തനിക്ക് ലഭിച്ചത് ബോര്‍ഹസിന്റെ കഥകളില്‍ നിന്നാണെന്ന്…

.ജെറാൾഡ് ജോസ്.

ലേഖകൻ ഫേസ്ബുക്ക് പേജായ പുസ്തകക്കടയിൽ എഴുതിയ കുറിപ്പ് അനുവാദത്തോടെ പുന:പ്രസിദ്ധീകരിക്കുന്നു.
https://www.facebook.com/josejerald?fref=nf

അഭിപ്രായങ്ങൾ എഴുതുമല്ലോ..

Leave a Reply

Your email address will not be published. Required fields are marked *