ലോകത്തെ തന്നെ മാറ്റിമറിക്കുകയാണു സാങ്കേതിക വിദ്യയില്‍ ഉടലെടുക്കുന്ന പുതു വിപ്ലവങ്ങള്‍. ജീവിതത്തിന്റെ സര്‍വ്വമാന ദിക്കുകളിലും ഇവ കടന്നു ചെല്ലുന്നു എന്ന് മാത്രമല്ലാ, ഇന്നു വരെ കാണാത്ത പുതിയ മാനങ്ങളിലേക്ക് ലോകാവസ്ഥയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഈ ഒരു തലത്തില്‍ നിന്ന്കൊണ്ട് ഇന്നത്തെ ഒരു ശരാശരി മലയാളിയുടെ വായനയെ സ്വാധീനിക്കാന്‍ ശക്തിയുള്ള പുത്തന്‍ സാങ്കേതികവിദ്യാസങ്കേതങ്ങളെ നോക്കിക്കാണാനുള്ള എളിയ ശ്രമമാണു ചുവടെ.

അച്ചടി പുസ്തകങ്ങള്‍ തലയുയര്‍ത്തി തന്നെ

കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി മലയാളിയ്ക്ക് സുപരിചിതമാണു പുസ്തകങ്ങള്‍. പ്രതിഭാധനരായ എഴുത്തുകാരാല്‍ മലയാളം എന്നും അനുഗ്രഹീതമാണ്. അതിനാല്‍ തന്നെ മലയാളിയുടെ വായനാലോകം സമ്പന്നമായിരുന്നു. ലോകപ്രശസ്തമായ അന്യഭാഷാ കൃതികളുടെ വിവര്‍ത്തനങ്ങള്‍ ഏറ്റവും അധികം അച്ചടിക്കപ്പെടുന്ന ഭാരതീയ ഭാഷകളില്‍ ഒന്നാണ് മലയാളം. നവമാധ്യമങ്ങളുടെ കടന്നു വരവോടെ ആധുനിക മനുഷ്യന്റെ ആസ്വാദനരീതി തന്നെ മാറ്റിമറിക്കപ്പെട്ടു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. പുസ്തകങ്ങളും അവ വായിക്കുന്നത് വഴി ലഭിക്കുന്ന ആനന്ദവും മറ്റു മാധ്യമങ്ങള്‍ക്കായി വഴി മാറപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകമാസകലം പുസ്തകങ്ങള്‍ക്ക് സ്വീകാര്യത കുറയുന്നതിന്റെ ഭാഗമായി മലയാളത്തിലും അച്ചടി പുസ്തകങ്ങള്‍ വാങ്ങുന്നവരില്‍ വലിയ കുറവ് കാണുന്നുണ്ടെങ്കിലും, ഇന്നും മലയാളിയുടെ വായനാലോകം പ്രധാനമായും അച്ചടിച്ച പുസ്തകങ്ങള്‍ ചുറ്റുമാണെന്ന് തന്നെ പറയാം.

പണ്ട് പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രധാനമായും കടകളെയാണ് ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് ചെറുപ്പക്കാര്‍ പുസ്തകങ്ങള്‍ വില്‍ക്കുന്ന വെബ്-പോര്‍ട്ടലുകളെ ആശ്രയിക്കുന്നു. വീട്ടിലോ ഓഫിസിലോ ഇരുന്നു വാങ്ങാമെന്നതും, ആയിരക്കണക്കിനു പുസ്തകങ്ങളില്‍ നിന്നു വേണ്ടത് മാത്രം എളുപ്പത്തില്‍ കണ്ടെത്താമെന്നതും ഓണ്‍ലൈന്‍ പുസ്തകവില്പ്പനയുടെ പ്രചാരത്തിനു കാരണമാകുന്നു. മിക്ക പോര്‍ട്ടലുകളും 5 മുതല്‍ 10 ശതമാനം വരെ വിലക്കിഴിവു നല്‍കുന്നു എന്നതും ആളുകളെ ആകര്‍ഷിക്കുന്ന ഒരു ഘടകമായി മാറുന്നു.

കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും ടാബ്‌ലറ്റുകളും

അനുദിനം വികസിക്കുന്നതാണു ഫോണുകളും കമ്പ്യൂട്ടറുകളിലും മറ്റും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ. അച്ചടിച്ച ഒരു പുസ്തകത്തിന്റെ അതേ സ്വഭാവത്തോടെ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ഒരു പുസ്തകം തുറന്ന് വായിക്കാന്‍ ഇന്ന് pdf, mobi, epub മുതലായ ഫയല്‍ ഫോര്‍മാറ്റുകള്‍ ലഭ്യമാണ്. ഇവ വായിക്കാനായി അനേകം ആപ്ലിക്കേഷനുകളും (calibre, kindle, ub reader) ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സൗജന്യമായി ഫോണിലോ കമ്പ്യൂട്ടറിലോ ഇന്‍സ്റ്റാള്‍ ചെയ്ത് പുസ്തകവായന തുടങ്ങാം. pdf, epub, mobi എന്നീ രൂപത്തിലുള്ള പുസ്തകങ്ങള്‍ ഇന്ന് ഓണ്‍ലൈന്‍ പുസ്തകവില്പ്പന നടത്തുന്ന വെബ്‌സൈറ്റുകളില്‍ സുലഭമാണ്. പുതുതായി ഇറങ്ങുന്ന മിക്ക ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കും അച്ചടി പതിപ്പിനൊപ്പം e-book പതിപ്പും ഒപ്പം തന്നെ ഇറക്കുന്ന പതിവുണ്ട്. മലയാളത്തില്‍ e-book പുസ്തകങ്ങള്‍ ഇറക്കിയതായി അറിവില്ല. മാറ്റത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് മലയാളപുസ്തകങ്ങള്‍ e-book ആയി ഇറക്കുന്നതിനെ പറ്റി ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.

പുസ്തകത്തില്‍ നിന്നും e-പുസ്തകത്തിലേക്ക്

കമ്പ്യൂട്ടറിലും ഫോണിലും പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രധാന പോരായ്മ ആയി ആളുകള്‍ പറയുന്നത് ഇവയുടെ ഡിസ്പ്ലേയില്‍ നിന്നും വരുന്ന വെളിച്ചം വായന ശ്രമകരവും രസംകൊല്ലിയും ആക്കുമെന്നതാണ്. ഇതിനുള്ള പരിഹാരമാണ് e-reader. സ്വയം പ്രകാശിക്കുന്നതിനു പകരം ഡിസ്പ്ലേയില്‍ വന്നു പതിക്കുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന e-ink സങ്കേതമാണ് e-reader ന്റെ പ്രത്യേകത. അച്ചടിച്ച പുസ്തകതാളുകള്‍ കണ്ണുകളില്‍ എപ്രകാരമാണൊ മനുഷ്യന്‍ കാണുന്നത് അതേ രീതിയില്‍ ആണ് ഇവയും പ്രവൃത്തിക്കുന്നത്. അതിനാല്‍ തന്നെ ഒരേ സമയം “ഇലക്ട്രോണിക്” ആകുന്നതിനൊപ്പം e-reader വായനയുടെ സ്വാഭാവികതയും നല്‍കുന്നു.
kindle(amazon), kobo എന്നിവയാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഉപകരണങ്ങള്‍. 5000 രൂപയാണ് ഏറ്റവും കുറഞ്ഞ മോഡലിനു ഇന്‍ഡ്യയില്‍ ഏകദേശ വില. വെറും 256എംബിയില്‍ ഏകദേശം 200 പുസ്തകങ്ങള്‍ സ്റ്റോര്‍ ചെയ്യാനാകും എന്നതു e-reader നെ ഒരു സഞ്ചരിക്കും ലൈബ്രറിയാക്കി മാറ്റുന്നു.

പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ് എന്ന അത്ഭുതലോകം

അമ്പതിനായിരത്തോളം ഈ-ബുക്കുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന ഒരു വെബ്സൈറ്റാണ്. https://www.gutenberg.org/ ലോകോത്തര ക്ലാസിക്കുകളും ശാസ്ത്രപുസ്തകങ്ങളുമടക്കം ഒരായുസ്സ് മുഴുവന്‍ വായിച്ചാലും തീരാതത്ര വാക്കുകള്‍ കൊണ്ട് നിറച്ചു വച്ചിരിക്കുന്നു ഈ “ഇന്റര്‍നെറ്റ് ലൈബ്രറി”.

“നീ വായിക്കാന്‍ പഠിച്ചാല്‍ നീ സ്വതന്ത്രനായി” എന്ന് പറഞ്ഞത് അമേരിക്കന്‍ ചിന്തകനും വാഗ്മിയുമായ ഫ്രെഡറിക് ഡഗ്ലസ്
ആണ്. അതെ വാക്കുകളെ സ്നേഹിച്ച് ജീവിക്കാം, വാക്കുകളോടൊപ്പം ജീവിക്കാം, സ്വതന്ത്രരായി.

.ജെറാൾഡ് ജോസ്.

വായനക്കാർക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാം. താഴെ കാണുന്ന Leave A Reply ഭാഗത്ത്‌ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയും.പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു -ചീഫ് എഡിറ്റർ