പകല്‍ അവര്‍ വരും..
അവരുടെ ഒച്ചക്കേട്ടാണ്
ഇപ്പോളുണരുന്നത്..
നിര്‍വ്വികാരതയുടെ പുതപ്പു മൂടിയ നെടുവീര്‍പ്പ് പുറത്തേക്ക് വരുന്നു..
അവര്‍ വാക്കുകള്‍ കൊണ്ട്
ചോര ചീന്തുമ്പോള്‍
നിസ്സഹായതയുടെ
തലകുനിപ്പ് മാത്രമാണ്
പ്രതിരോധം……
കഴുകന് നോട്ടത്തിനു മുന്നില്‍
കലങ്ങിയ കണ്ണുമായി
അവളുടെ നില്‍പ്പ് ……!
ഇരു നില വീടിന്റെ
തേക്കാത്ത ചുമരില്‍
ആ വലിയ കാറിന്റെ മുന്നില്‍
നിന്ന് ചിരിക്കുന്ന ചിത്രം
ഇന്ന് കരയുന്ന പോലെ…
ഇന്നലെയുടെ പകല്‍
ആഴ്ന്നിറക്കിയ
വാല്‍ത്തലപ്പിന്റെ മുറിവിലെ
ചോരയൊഴുക്ക്
നില്ക്കുന്നില്ല……
നാളെയുടെ പകല്‍ വെളിച്ചം സൂചിമുനയായി
കണ്ണില്‍ തറക്കും…
അവര്‍ വരും കൂടുതല്‍
മൂര്‍ച്ചയുള്ള ആയുധങ്ങളുമായി…
അപമാനത്തിന്റെ തലക്കുനിപ്പ്….
അവളുടെ കണ്ണിലെ ഭയം…..
ഇരുട്ടിന് മറയിലെ
നിഴല്‍രൂപങ്ങള്‍
ഇപ്പോള്‍ ഭയപ്പെടുത്തുന്നില്ല..
മനസ്സില്‍ കുരുത്ത തീ നാളം
കത്തി പടര്‍ന്ന് ഹൃദയം കറുപ്പണിഞൊഞിരിക്കുന്നു..
കട്ട പിടിച്ച വിഷാദത്തിന്റെ
കറുത്ത ആവരണമണിഞ്ഞ
രാത്രിയില്‍
എല്ലാം അലിഞ്ഞു തീരട്ടെ…
ചിരി തൂകി കഴുത്തറക്കുന്ന
പകലിനേക്കാളും
നിശ്ബ്ദമായി വിങ്ങുന്ന
ഈ രാത്രി ആശ്വാസമാണ്….
ആഡംബരത്തിന്റെ
വര്‍ണ്ണത്തുണികള്‍ കണ്ണില്‍
കെട്ടിയപ്പോള്‍ കാഴ്ച്ചയുടെ
യാഥാര്‍ത്ഥ്യം
തിരിച്ചറിയാതെ പോയല്ലോ…
പകല്‍ അവര്‍ വരും
പലിശയും
കൂട്ടു പലിശയുമായി….
വില്ക്കാന് ഇനി….?
അപമാനത്തിന്റെ ശരശയ്യയുമായി
പകല്‍ വരുന്നതിനു മുന്‍പേ….
മധുരത്തില്‍ ചേര്‍ത്ത
കയ്പ് ചവച്ചരക്കുമ്പോള്‍
അവള് ചിരിക്കുന്നുണ്ടായിരുന്നു..
ആശ്വാസത്തോടെ ഞാനും…