ബ്രേക്ക്‌ ദി കർഫ്യു: രണ്ടാം പെണ്‍ സ്വാതന്ത്ര്യ സമരം

ഫസ്റ്റ് സ്റ്റോപ്പ്‌ പ്രസ്‌
സ്വാതന്ത്ര്യത്തിലേക്കുള്ള സമര പ്രഖ്യാപനം കടപ്പാട്  ഇടിയംബൈകിഡ്സ്‌.കോം
സ്വാതന്ത്ര്യത്തിലേക്കുള്ള സമര പ്രഖ്യാപനം കടപ്പാട് ഇടിയംബൈകിഡ്സ്‌.കോം

ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമാണ്. വൈകുന്നേരം വായനശാലയിൽ പുസ്തകം തിരയാനും, പഠിക്കാനും, ആണിനൊപ്പം നിൽക്കാനുമുള്ള സമരം. സന്ധ്യയായാൽ പെണ്ണ് പുരയ്ക്കകത്തിരിക്കണമെന്ന നാടൻ കല്പനകളെ ധിക്കരിക്കുന്ന സമരം. ഭൂരിപക്ഷം രക്ഷിതാക്കളും പെണ്‍കുട്ടികളുടെ സമരത്തെ അവഗണിക്കാൻ ശ്രമിക്കുമ്പോഴും, അവർ തളരുന്നില്ല.സമരം ശരിയായ രീതിയിൽ, ദിശയിൽ തന്നെയാണ്.

സിഇടി കാമ്പസിലെ പെണ്‍കുട്ടികളുടെ സമരം, ബ്രേക്ക്‌ ദി കർഫ്യു കരുത്താർജ്ജിക്കുകയാണ്. കേരള യുണിവേഴ്സിറ്റിക്കു കീഴിലെ മികച്ച കാമ്പസാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം. വൈകിട്ട് 6 മണിയായാൽ പെണ്‍കുട്ടികൾ ഹോസ്റ്റലിൽ കയറണമെന്നാണ് നിയമം. ആണ്‍കുട്ടികൾക്ക് നിയമം ബാധകമല്ല. ഇതേ സമയം, കാമ്പസിൽ പഠനവും ലാബ് പ്രവർത്തനവും നടക്കും. വായനശാലയും പ്രവർത്തിക്കും. ആണ്‍കുട്ടികൾക്ക് പങ്കെടുക്കാം. പെണ്‍കുട്ടികൾ ഹോസ്റ്റലിൽ ഇരുന്നു കൊള്ളണം.ഇത്തരമൊരു വിവേചനമാണ്, പുകഞ്ഞു നിന്ന ഈ പ്രശ്നത്തെ പെണ്‍കുട്ടികളുടെ സമരത്തിലേക്കെത്തിച്ചത്.

സ്വകാര്യ ഹോസ്റ്റലുകളിൽ രാത്രി 8 മുതൽ 10 മണി വരെയുള്ള സമയത്തിനകം കയറിയാൽ മതിയാകും. കോളേജ് നടത്തുന്ന ഹോസ്റ്റലിലാണ് വിവേചനമുള്ളത്. ഇക്കാര്യത്തിൽ പ്രിൻസിപ്പലും വാർഡനും രണ്ടഭിപ്രായമായിരുന്നു. സർക്കാർ അംഗീകരിച്ച ഹോസ്റ്റൽ നിയമമാണ് നടപ്പാക്കുന്നതെന്ന് വാർഡൻ പറയുന്നു. മുഴുവൻ രക്ഷിതാക്കളും സമ്മതിച്ചാൽ ഹോസ്റ്റൽ സമയത്തിൽ മാറ്റം വരുത്താമെന്നു പ്രിൻസിപ്പൽ. ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ നാമ മാത്രമായ രക്ഷിതാക്കൾ മാത്രമാണ് പങ്കെടുത്തത്. അവരാകട്ടെ,പെണ്‍കുട്ടികളുടെ ആവശ്യത്തെ പിന്താങ്ങുകയും ചെയ്തു. കോളേജിൽ പോകുന്നത് പഠിക്കാൻ മാത്രമല്ല, മാനസിക വികാസത്തിനും കൂടിയാണ്, ഒരു രക്ഷിതാവ് പറഞ്ഞു.

സന്ധ്യ കഴിഞ്ഞാൽ മാനം ഇടിയുമോ?

സ്വതന്ത്ര ചിന്താ ശേഷിയുള്ള പെണ്‍കുട്ടികളുടെ സ്വത്വ ബോധത്തെ, ആണ്‍കോയ്മ സങ്കൽപം കൊണ്ട് എതിരിടുകയാണ് സിഇടി സംഭവത്തിൽ ചിലർ. പെണ്ണ് രാത്രി വായനശാലയിൽ പോയാലും ലാബിൽ പ്രാക്ടിക്കലിന് പോയാലും ആൽമരത്തിനു ചുവട്ടിലിരുന്നു സൊറ പറഞ്ഞാലും, മറ്റൊരാളെ ബാധിക്കുന്ന വിഷയമേയല്ല. ഇരുട്ടിയാൽ വീടിനു പുരത്തിറങ്ങാതിരുന്ന പഴഞ്ചൻ കാലത്തെ പുന:പ്രതിഷ്ടിക്കാനുള്ള അഥവാ പെണ്ണിന്റെ സ്വാതന്ത്ര്യ ബോധത്തെ തിരസ്കരിക്കാനുള്ള ശ്രമം, ഉന്നത കാമ്പസിൽ നടക്കുന്നത് അപലപനീയമാണ്.

സുരക്ഷിതമായ കാമ്പസും ഉന്നത ബൗദ്ധിക നിലവാരമുള്ള വിദ്യാർത്ഥികളുടെ സാന്നിധ്യവുമാണ് സിഇടിയ്ക്കുള്ളത്. സ്ത്രീ പക്ഷ ചിന്തകൾക്കും, സ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം വരുന്ന കാലത്താണ് ഒരു വനിത, പ്രിൻസിപ്പലായുള്ള സ്ഥാപനത്തിന്,ഹോസ്റ്റൽ സമയത്തിൽ വിവേചനം കാട്ടേണ്ടി വരുന്നത്.

ഒതുക്കുന്ന മാധ്യമങ്ങൾ

ഫേസ്ബുക്കിൽ പെണ്‍കുട്ടികൾ തുടങ്ങി വച്ച ബ്രേക്ക്‌ ദി കർഫ്യു കാമ്പയിനും അനുബന്ധ വാർത്തകളും ആദ്യം മുതൽ പിന്താങ്ങിയത് ടൈംസ്‌ ഓഫ് ഇന്ത്യയായിരുന്നു. മിക്ക പത്രങ്ങളും ഈ വിഷയത്തെ ആദ്യം പരിഗണിച്ചതേയില്ല. ചിലർ കാമ്പസിലെ സമരത്തിൽ ചർച്ച നടക്കുന്നുവെന്നു വാർത്ത നല്കിയെന്നത് മറക്കുന്നില്ല.

രാഷ്ട്രീയ പിന്തുണ

ഇടതു പക്ഷ നേതാക്കളും എസ്.എഫ്.ഐ യും ചില അധ്യാപകരും രക്ഷിതാക്കളും സമരത്തിന്‌ പിന്തുണയുമായെത്തി. ആണ്‍കുട്ടികളും സമരത്തിനെ പിന്തുണച്ചു. ഹോസ്റ്റൽ സമയം ധിക്കരിച്ചു 9 മണി വരെ കാമ്പസിൽ തങ്ങിയ പെണ്‍കുട്ടികളെ, വാർഡൻ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതിരുന്ന സംഭവവുമുണ്ടായി. ഒടുവിൽ, വി.ശിവൻകുട്ടി എം.എൽ.ഏ പ്രിൻസിപ്പലുമായി ബന്ധപ്പെട്ടു, ചർച്ചകൾക്ക് ശേഷമാണ്, അവരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.

നീളുന്ന സമരം

രക്ഷിതാക്കൾ മുഴുവൻ പങ്കെടുക്കുന്ന സമ്മേളനത്തിൽ വച്ച് തീരുമാനമെടുക്കാമെന്ന നയമാണ്, ഇപ്പോൾ വിലങ്ങു തടിയാകുന്നത്. രാത്രിയിലും പ്രവർത്തിക്കുന്ന കാമ്പസിൽ വിവേചനപരമായി പെണ്‍കുട്ടികളെ മാറ്റി നിർത്തുന്ന സമീപനമാണ് തിരുത്തപ്പെടേണ്ടത്. ആണ്‍കുട്ടികളോടൊപ്പം തലയുയർത്തിപ്പിടിച്ചു നില്ക്കാനുള്ള ആർജ്ജവവും സ്വാതന്ത്ര്യബോധവും അവർക്കുണ്ട്.

കാലം മാറിയിരിക്കുന്നു. കടുത്ത നിയന്ത്രണം കൊണ്ട് ഹോസ്റ്റൽ ജീവിതത്തെ, ദുസ്സഹമാക്കുന്ന കാലത്തിനു മാറ്റം വരുത്തേണ്ടതുണ്ട്.
പെണ്ണിനെ മാറ്റി നിർത്തുന്ന രീതിയ്ക്ക് മാറ്റം വരണം.
ആ മാറ്റം, അധികം ദൂരത്തല്ലെന്നു സമരമുഖത്തുള്ള പെണ്‍കുട്ടികൾ ഓർമ്മിപ്പിക്കുന്നു.

.പ്രവ്ദ.ആർ.
Free Counter
Free Counter

Leave a Reply

Your email address will not be published. Required fields are marked *