santhosh echikkanam
തൃശൂർ പാറമേക്കാവ് അഗ്രഹാരത്തിൽ പ്രകാശനം ചെയ്ത സന്തോഷ്‌ ഏച്ചിക്കാനത്തി ന്റെ  ജമന്തികൾ സുഗന്തികൾ, ഒരു അനുഭവക്കുറിപ്പ് മാത്രമല്ല കഥ പോലെ സുന്ദരമായ ഒന്നാണ്.
“ഓർമ്മക്കുറിപ്പുകൾ എഴുതുക എന്നത് ഒരു കുന്നിടിക്കുന്നതുപോലെയാണ്. നമ്മൾ പോലുമറിയാതെ നമ്മളെ അത് അല്പാല്പമായി മാന്തിയെടുത്തു പെട്ടെന്നൊരു ദിവസം തുറന്ന മൈതാനമാക്കിക്കളയും.” സന്തോഷ്‌ ഏച്ചിക്കാനം കൃതിയുടെ ആമുഖത്തിൽ  പറയുന്നു. സുഹൃത്തുക്കൾക്ക് വേണ്ടിയും മാതൃഭൂമിയ്ക്കായും തയ്യാറാക്കിയ പതിനാലു മനോഹരമായ കുറിപ്പുകളുടെ സമാഹാരമാണ് ജമന്തികൾ സുഗന്ധികൾ.
  പ്രണയ സുരഭിലമായ ഒന്നാം കുറിപ്പ്
മംഗല്യം തന്തു നാൻ ദേനയെന്ന ആദ്യ കുറിപ്പിൽ തന്റെ പ്രണയിനിയും പത്നിയുമായ ജൽസ മേനോനെ കണ്ടെത്തിയ കഥ പറഞ്ഞു കൊണ്ട്, കഥയ്ക്കും ഭ്രമാത്മക ചിന്തകൾക്കുമിടയിലെ ഒരു കാലത്തിലൂടെയാണ് ജമന്തികൾ സുഗന്ധികൾ  തുടങ്ങുന്നത്. ഹോട്ടൽ ലൂസിയയുടെ തണുപ്പിലിരുന്നു, പ്രണയിനിയാകുമെന്നു കരുതുന്നവളുടെ ഹോട്ടൽ ബില്ലടക്കാനായി  വിയർക്കുകയും, പിന്നെ ഒരു ഞായറാഴ്ചക്കാലത്ത് തന്നെ വന്നു പെണ്ണ് കാണാൻ ക്ഷണിക്കുകയും ചെയ്യുന്ന കഥാന്ത്യത്തോടെയാണ് , പ്രണയ സുരഭിലമായ ഒന്നാം കുറിപ്പ്.
 അവളെ കൊന്നു കളഞ്ഞാലോ ?
സീരിയൽ തിരക്കഥാകൃത്തായിരുന്ന കാലത്തിന്റെ സംഘർഷങ്ങൾ പൈങ്കിളി പോലെ  ലളിതമായി പറയുന്നുണ്ട് , കൃതിയിൽ . സീരിയലെഴുത്തുകാരന്റെ ‘തലയ്ക്കടിക്കുന്ന ടാമും’ , കഥാപാത്രങ്ങളെ കൊല്ലുന്നതെങ്ങനെയെന്ന കുറിപ്പുംരസം നിറയ്ക്കുന്നു.. ” സാറെ, നമ്മുടെ നായിക ഇന്നു വരില്ല. അവൾ നമുക്ക് തന്ന ഡേറ്റ് സിനിമാക്കാർക്ക് കൊടുത്തു. എന്തു ചെയ്യും സാറെ. അവളെ കൊന്നു കളഞ്ഞാലോ ? ഒരു പ്രൊഡക്ഷൻ എക്സിക്യുട്ടിവിന്റെ പരിദേവനം. എഴുത്തുകാരന്റെ ഏറെക്കാലത്തെ സീരിയൽ ജീവിതം വലിയ കഥയോളം വലിപ്പമുള്ള ജീവിതാനുഭവങ്ങൾ നല്കിയിരിക്കുന്നു.  അതുകൊണ്ടാകണം, ആമുഖക്കുറിപ്പിൽ എഴുത്തുകാരൻ ഇങ്ങനെ എഴുതിയത്: കൈയ്യിലുള്ളതെല്ലാം എടുത്തു കൊടുത്താൽ ശിഷ്ടകാലം വെറും ശൂന്യതയിൽ കഴിയേണ്ടി വരുമല്ലോ എന്നു പേടി.
 കാറോടുമ്പോൾ നടുവേ ഓടണം
നാട്ടുമ്പുറത്തു ജീവിച്ച പഴയ തലമുറ കുട്ടികളുടെ വണ്ടിയായിരുന്നു, നടരാജ മോട്ടോർസ്. “ഡ്രൈവറും യാത്രക്കാരും ഉടമസ്ഥനും ബസ്സും എല്ലാം ചേർന്ന് ‘ഒന്നായ നിന്നെയിഹ’ എന്നു പറഞ്ഞതു പോലെ ഒരു പരിപൂർണ്ണ  വാഹന സങ്കലപം, അപ് ആൻഡ്‌ ഡൌണ്‍ ഡീസലടിക്കാതെ അവ ദിവസവും 16 കിലോമീറ്റർ വിയർത്ത് ഓടി.”  പുസ്തകം പ്ലാസ്റ്റിക്‌ കവറിൽ പൊതിഞ്ഞ് അരയിൽ തിരുകി സ്വയം വണ്ടിയായി പരിണമിച്ചു ഓടിയ ബാല്യകാലം, കാറോടുമ്പോൾ നടുവേ ഓടണം, വായിക്കുമ്പോൾ തികച്ചും ഗൃഹാതുരമായ ഓർമകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
 ബഷീർ
എഴുത്തിനെക്കുറിച്ചുള്ള ഓർമകളുടെ കുറിപ്പിൽ, ഈ മനുഷ്യൻ എന്റെ ആരാണ്?, ബഷീർ കൃതികളിൽ ആസ്കതിയോടെ മുങ്ങിപ്പോയതിനെ ഒരു ബുദ്ധിജീവി നാട്യങ്ങളുമില്ലാതെ ഓർത്തെടുക്കുന്നു. ഒരു തരത്തിൽ, ഈ കൃതി  സാധാരണക്കാർക്കിടയിലൂടെയുള്ള അസാധാരണ ജീവിതങ്ങളെയും ഓർമകളെയും അലങ്കാരമില്ലാതെ അവതരിപ്പിക്കുകയാണ്. പ്രദീപൻ കണ്ണൂരെന്ന, കൊച്ചി പ്രസ്സ് അക്കാദമിയിലെ, തന്റെ സഹമുറിയന്റെ / സഹ പാഠിയുടെ എഴുപതുകളിലെ കമ്മ്യുണിസ്റ്റ് ചിന്തയും, പ്രണയത്തെയും വാരി നിറയ്ക്കുന്നത് മറക്കാനാവില്ല.
അടുത്തിടെ പുറത്തിറങ്ങിയതിൽ തീക്ഷ്ണവും ഭാവാത്മകവുമായ ഓർമ്മക്കുറിപ്പുകൾ.
വില: 70  പേജ് 87 
.സ്വന്തം ലേഖകൻ .