കവിത
ശ്രീജിത്.എസ്.എച്ച്

ambulance
അരുണ വർണ്ണത്തിൽ കർണ്ണകഠോരമാം
സൈറൺ മുഴക്കി പായുന്നു ആംബുലൻസ്.

വാഹനനിബിഢമാം പാതയെന്നാകിലും
പിടയുന്ന തൃണ മാനവ പ്രാണരക്ഷയ്ക്കായ്,

വാഹനങ്ങൾ ഒഴിഞ്ഞീടും മാന്യമായ്
ആംബുലൻസിൻ പാത സുഗമമാക്കീടുവാൻ
ചിലതോ ത്വരിത വേഗത്തിലാംബുലൻസിനെ
മറികടന്നൊന്നാമതെത്തുവാൻ ശ്രമിച്ചിടും.

മറ്റു ചില വിരുതഗണം, ആംബുലൻസിൻ പിറകേ
ഉർവ്വശീശാപം ഉപകാരമെന്ന പോൽ കുതിച്ചീടും.

ആസന്നമരണനാം രോഗിയോടുള്ള മമതയല്ലിത്
തിരക്കിൽപ്പെടാതെ ലക്ഷ്യത്തിലെത്താൻ മാത്രം.

സൗന്ദര്യധാമ ങ്ങളെന്നഹങ്കരിച്ചോർ
വദനം വികൃതമായ് കിടപ്പുണ്ടിവിടെ
മനീഷാമന്നവനെന്നു വിരാജിച്ചോർ.

തെല്ലൊരു ശ്വാസത്തിന്നായ് പിടയുന്നിവിടെ
പരദൂഷണം മാത്രം കുലത്തൊഴിലാക്കിയോർ.

accident

വാ തുറക്കാൻ പോലും കഴിയാതുണ്ടിവിടെ
കണ്മുന്നിൽ കണ്ടയപകടം കാണാതെ പോയോർ
ഒരിറ്റു ദയയ്ക്കായ് കേഴുന്നുണ്ടിവിടെ.

ഞാനെന്ന ഭാവം പേറിടും മനിതർക്ക്
ആഴ്ന്നു ചിന്തിച്ചീടാൻ പ്രേരണയാമിത്.

എന്തൊക്കെയാകിലും ആംബുലൻസെന്നത്
എന്നുമെനിക്കേകിടും ഭയകൗടില്യങ്ങൾ മാത്രം
മർത്യൻ തൻ പ്രാണൻ പിടയുന്നൊരാ ശകടം.

എന്നുമെനിക്കേകിടും നെഞ്ചിടിപ്പുകൾ മാത്രം
എൻ പ്രിയ്യരും നിങ്ങളുടൻ പ്രിയ്യരും
ചിലപ്പോളതിൽ സ്ഥാനം പിടിച്ചേക്കാം.

ആംബുലൻസിൻ സ്വനം കേൾക്കുമ്പോളൊക്കെയും
മനമുരുകി പ്രാർത്ഥിക്കയാണെന്റെ മാനസം
അതിൽ പിടയുന്ന മാനവനാരാകിലും
അതൊരമൂല്യമാം മാനവ ജീവനല്ലോ.

mail: sreejitheee34@gmail.com