മന്ത്രവാദത്തിനിടെ യുവതി പൊള്ളലേറ്റു മരിച്ച സംഭവം മലബാറിൽ വിവാദമാകുന്നു. കോഴിക്കോട് സ്വദേശിനി ഷമീനയാണ് കഴിഞ്ഞ ദിവസം മന്ത്രവാദത്തിനിടെ പൊള്ളലേറ്റു മരിച്ചത്. കുറ്റിയാടിയിലെ നജ്മയാണ് മന്ത്രവാദം നടത്തിയത്.
കുടുംബ പ്രശ്നങ്ങൾ തീർക്കുവാനാണ് ഷമീന മന്ത്രവാദം നടത്തുന്ന നജ്മയെ സമീപിച്ചത്. പുറമേരിയിലെ വാടക വീട്ടിൽ നടന്ന ചടങ്ങിനിടെ ഷമീനയെ അത്തർ നിറച്ച പാത്രത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഷമീനയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
മലപ്പുറം,കോഴിക്കോട് ഭാഗങ്ങളിലെ ഉൾഗ്രാമങ്ങളിൽ മന്ത്രവാദ ചികിത്സ വ്യാപകമാണെന്ന് യുവജന സംഘടനകൾ ആരോപിക്കുന്നു. നിരവധി പരാതികൾ നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നു അവർ ചൂണ്ടിക്കാട്ടുന്നു.
യു. കലാനാഥൻ 
കേരളം അന്ധവിശ്വാസങ്ങളിലേക്കു തിരിച്ചു പോകുന്ന കാഴ്ചയാണുള്ളതെന്നു പ്രശസ്ത യുക്തിവാദി യു.കലാനാഥൻ. മതങ്ങളെ പിന്താങ്ങുന്ന രാഷ്ട്രീയ പാർട്ടികൾ ഇവ കണ്ടില്ലെന്നു നടിക്കുകയാണ്. നിസ്സാര കുടുംബ പ്രശ്നങ്ങളാണ് മന്ത്രവാദത്തിലേക്കു വലിച്ചിഴക്കപ്പെട്ടു ദുരന്തം സൃഷ്ടിച്ചത്.
ആത്മീയതയുടെ പേരിലുള്ള ക്രിമിനലായ ചൂഷണമാണ് നടന്നതെന്ന് ഐ.എസ്. എം ജനറൽ സെക്രട്ടറി ജാബിർ അമാനി പറഞ്ഞു.