രാജീവ് വധം: പ്രതികളുടെ ശിക്ഷയ്ക്ക് സ്റ്റേ

സ്റ്റോപ്പ്‌ പ്രസ്‌


ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി തൂക്കിലേറ്റാന്‍ വിധിച്ച മൂന്നുപേരുടെയും ശിക്ഷ നടപ്പാക്കുന്നത് എട്ട് ആഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ചിന്ന ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സപ്തംബര്‍ ഒന്‍പതിന് നടപ്പാക്കാനായിരുന്നു തീരുമാനം.

ഇതിനിടെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച ചേര്‍ന്ന തമിഴ്‌നാട് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.

ഈ കേസില്‍ 26 പ്രതികള്‍ക്ക് വിചാരണക്കോടതി 1998ല്‍ വധശിക്ഷ വിധിച്ചു. പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചു. 1999ല്‍ മുരുകന്‍, ചിന്നശാന്തന്‍, പേരറിവലന്‍ എന്നിവരുടെ കൂട്ടുപ്രതിയായ നളിനിയുടെയും വധശിക്ഷ ശരിവെച്ചു.

ജയില്‍വാസത്തിനിടെ അമ്മയായ നളിനിയുടെ ദയാഹര്‍ജി പരിഗണിച്ചശേഷം കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശ പ്രകാരം ജീവപര്യന്തമായി ശിക്ഷ കുറയ്ക്കുകയായിരുന്നു.

ജസ്റ്റീസുമാരായ സി. നഗപ്പന്‍, എം. സത്യനാരായണന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്.
പ്രസിദ്ധ അഭിഭാഷകന്‍ രാംജെത് മലാനിയാണ് പ്രതികള്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

സുപ്രീം കോടതി തൂക്കിലേറ്റാന്‍ വിധിച്ചതിനുശേഷം പ്രതികളുടെ ദയാഹര്‍ജി 11 വര്‍ഷത്തോളം രാഷ്ട്രപതിയുടെ പക്കലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *