വാഷിങ്ടണ്‍ : സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ 10ാം വാര്‍ഷികത്തില്‍ അമേരിക്കയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിക്ക് പിന്നില്‍ അല്‍ഖാഇദ തന്നെയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പറഞ്ഞു. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുമാണ് ന്യൂയോര്‍ക്കിലും വാഷിങ്ടണ്‍ ഡിസിയിലും ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഹിലരി പറഞ്ഞു.
എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് രാജ്യത്തെങ്ങും സുരക്ഷ കര്‍ശനമാക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശം നല്‍കിയിരുന്നു.
അല്‍ഖാഇദയുടെ ഭീഷണിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാകിസ്താനിലെ ആബട്ടാബാദില്‍ ഉസാമ ബിന്‍ ലാദിന് കൊല്ലപ്പെട്ട വസതിയില്‍ നിന്ന് കിട്ടിയ രേഖകളില്‍ സെപ്തംബര്‍ 11ന്റെ പത്താംവാര്ഷികത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട് -ഹിലരി കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളില്‍ നിന്നും അമേരിക്ക പിന്നോട്ട് പോകില്ലെന്നും പകരം ഭീഷണികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതല്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.